ഇന്ത്യൻ പ്രാധാനമന്ത്രിക്ക് ധാർഷ്ട്യമാണെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ശശികുമാർ. കേരള ലിറ്ററേച്ചർ ഫെസ്റ്റിന്റെ അവസാന ദിനത്തിൽ `ഇന്ത്യൻ മാധ്യമങ്ങൾ : വിശ്വാസ്യതയുടെ പ്രതിസന്ധികൾ` എന്ന സെഷനിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങൾ സ്വയം വിമർശനത്തിനു തയ്യാറാകണമെന്നും മാധ്യമ പ്രവർത്തനം എന്ന പ്രക്രിയ തന്നെ നഷ്ടപ്പെട്ടു എന്നും ശശികുമാർ. മാധ്യമ പ്രവർത്തനത്തിന്റെ തോൽവി ജനാധിപത്യത്തിന്റെ തന്നെ തോൽവിയാണ് അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ ഡെസ്കിലൂടെ കടന്നു പോയ വാർത്തകൾ പലതും മീഡിയകളിലൂടെ കടന്നു പോയിട്ടും വെളിച്ചം കാണാത്തവയാണ്. അവർക്ക് വലിയ ഭയവും അടിമത്ത്വ മനോഭാവവുമാണ്. പത്തോളം രാജ്യദ്രോഹ കേസുകൾ തനിക്ക് എതിരെ തന്നെയുണ്ട്. നിയമങ്ങളെ ആയുധവൽക്കരിച്ചു മാധ്യമ പ്രവർത്തകർക്ക് നേരെ ഉപയോഗിക്കുന്നത് സാധാരണമായിരിക്കുന്നു. അധികാരം വാർത്ത സ്രോതസ് അന്വേഷിച്ചു വേട്ടയാടുന്നത് പുതിയ കാലത്തെ ട്രെൻഡ് ആയി മാറുന്നു. ആരൊക്കെ അത് വെളിപ്പെടുത്തും എന്നും ആരൊക്കെ ജയിലിൽ പോകാൻ തയ്യാറാകും എന്നതും ഇനി കാണാമെന്നും വിനോദ് കെ ജോസ് അഭിപ്രായപ്പെട്ടു. ഒരു മാധ്യമ പ്രവർത്തകൻ സ്വയം വിമർശനം നേരിടണമെന്ന് എൻ പി ഉല്ലേഖ്. 2019 ന് ശേഷം മാധ്യമങ്ങളെ നിലയ്ക്ക് നിർത്താൻ വലിയ ശ്രമം നടക്കുന്നുണ്ട്. വാർത്തകൾ മന്ത്രിമാരുടെ ഓഫീസുകളിൽ നിന്നും നേരിട്ടു വരുന്നു. അങ്ങിനെ റിപ്പോർട്ടർ എന്ന റോൾ തന്നെ ഇല്ലാതെയായി. എഡിറ്റർ, പി ആർ ഏജന്റായി ചുരുങ്ങുന്നുവെന്നും ഉല്ലേഖ്. ഇന്ത്യയിലെ അർത്ഥവത്തായ മാധ്യമ പ്രവർത്തനം അവസാനിച്ചു കൊണ്ടിരിക്കുന്നുവെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും രാജ്യസഭാ എം പി യുമായ ജോൺ ബ്രിട്ടാസ്. മീഡിയ പൂർണമായും അരാഷ്ട്രീയവൽക്കരിക്കപ്പെട്ടു. വഴങ്ങുക അല്ലെങ്കിൽ വിഴുങ്ങുമെന്ന ഭീഷണിയിലാണ് ഇന്ന് അധികാരം മാധ്യമങ്ങളെ ഭയപ്പെടുത്തുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിൽ സർക്കാരിനെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്ത കൊടുക്കാൻ പോലും ആരും തയ്യാറാകുന്നില്ല എന്നും അദ്ദേഹം നിരീക്ഷിച്ചു. ഇതിനുള്ള പ്രധാന കാരണം മാധ്യമങ്ങൾ കോർപ്പറേറ്റുകളുടെ കീഴിലാണ് എന്നതാണ്. എന്നാൽ ആർ എസ് എസ് നിയന്ത്രണത്തിലുള്ള സർക്കാർ മാറിയാൽ ഇതിനെല്ലാം മാറ്റം വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.