ക്രിയാത്മകമായ പാചകത്തെ കുറിച്ചും അതിന്റെ സാമൂഹിക മാനങ്ങളെ കുറിച്ചും പ്രതിപാദിക്കുന്ന `കുകിങ് ടു സേവ് യുവർ ലൈഫ് ` എന്ന പുസ്തക ചർച്ചയായിരുന്നു വേദി ഒന്ന് തൂലികയിൽ നൂറ്റിഅറുപതിനാലാം സെഷനിൽ നടന്നത്. ചർച്ചയിൽ അഭിജിത് ബാനർജി, ഷെയന ഒലിവർ, കൃഷ്ണ അശോക് എന്നിവർ പങ്കെടുത്തു.സാമൂഹിക പ്രശ്നങ്ങളെ പുസ്തകത്തിന്റെ പശ്ചാത്തലത്തിൽ വിലയിരുത്തിയായിരുന്നു അഭിജിത് ബാനർജി സംസാരിച്ചത്. രാജ്യത്തെ പോഷകാഹാരത്തിന്റെ ലഭ്യത കുറവിൽ പ്രധാന പങ്ക് ജനിതക രൂപമാറ്റം ചെയ്ത ഭക്ഷണ പഥാർത്ഥങ്ങൾക്കാണെന്നും, ഇത് ശാരീരിക ആരോഗ്യത്തിനും കാലാവസ്ഥ വ്യതിയാനത്തിലും സ്വാധീനം ചെലുത്തുന്നുണ്ടെന്നും ബസ്മതി അരി പോലുള്ളവ തികച്ചും ആരോഗ്യത്തിന് നല്ലതല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.അടുക്കളയിലെ പുരുഷന്മാരുടെ പങ്കിനെ കുറിച്ചും കൂടാതെ സാമ്പത്തിക - സാമൂഹിക വിഷയങ്ങളുമെല്ലാം ചർച്ചയുടെ ഗതി മാറ്റി. പുസ്തകത്തിലെ വരികളുടെ ഗ്രാമറ്റിക്കൽ ഭാഗങ്ങളെ കുറിച്ച് ഇല്ലസ്ട്രേറ്റർ ഷെയൻ ഒലിവർ സംസാരിച്ചു.