മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെ പറ്റി പത്രപ്രവർത്തകയായ സാഗരിക ഘോഷ് എഴുതിയ "അടൽ ബിഹാരി വാജ്പേയ്-ഇന്ത്യസ് മോസ്റ്റ് ലവ്ഡ് പ്രൈം മിനിസ്റ്റർ" എന്ന ജീവചരിത്ര പുസ്തകത്തെക്കുറിച്ചുള്ള ചർച്ച വേദി തൂലികയിൽ "അടൽ ബിഹാരി വാജ്പേയ്, ദി സ്റ്റേറ്റ് മെൻ, ദി പൊളിറ്റീഷ്യൻ, ദി പ്രൈം മിനിസ്റ്റർ"എന്ന സെഷനിൽ നടന്നു. ഡോ. മീന ടി പിള്ള ചർച്ചയിൽ പങ്കെടുത്തു. ഹിന്ദുത്വത്തിൽ വിശ്വസിച്ചിരുന്നെങ്കിലും, പ്രധാനമന്ത്രി എന്ന നിലയിൽ ഭരണഘടന ജനാധിപത്യത്തിന്റെ കൂടെയായിരുന്നു അദ്ദേഹം. എന്തുകൊണ്ട് വാജ്പേയ്എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ കുറിച്ചും രാഷ്ട്രീയ കാര്യങ്ങളെ കുറിച്ചുമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സാഗരിക ഘോഷ് മറുപടി പറഞ്ഞത്. കോൺഗ്രസ്സിന്റെ ആധിപത്യം തകർത്തുകൊണ്ടാണ് വാജ്പേയുടെ ബിജെപി സർക്കാർ അധികാരത്തിൽ വന്നത്. ഇന്ന് പ്രതിപക്ഷമില്ലാത്ത ഒരു ഭരണം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെങ്കിൽ, വാജ്പേയ്എന്നും ഒരു പ്രതിപക്ഷമായി നിന്നിരുന്ന ആളാണെന്നും സാഗരിക ചർച്ചയിൽ പറഞ്ഞു. വാജ്പേയ്-അദ്വാനി ബന്ധവും ഇരുവർക്കും പാർട്ടിയോടുള്ള സമീപനവും ചർച്ചയിൽ സാഗരിക വിശദമാക്കി. ആർ എസ് എസ് പ്രവർത്തകനായിരുന്നിട്ടും പ്രധാനമന്ത്രി ആയിരുന്നപ്പോൾ അദ്ദേഹത്തെ ഏറ്റവും ആക്രമിച്ചത് ആർ എസ് എസ് തന്നെയായിരുന്നെന്നും 1940-കളിൽ ജനാധിപത്യത്തിന്റെ ശത്രു ഫാസിസം ആയിരുന്നെങ്കിൽ ഇന്ന് അത് ജനാധിപത്യം തന്നെ ആണെന്നും അവർ പറഞ്ഞു. ഇന്ന് ജനാധിപത്യത്തിലൂടെ അധികാരത്തിൽ എത്തിയവർ അതിനോട് മുഖം തിരിച്ചു നില്കുന്നുവെന്നും സാഗരിക അഭിപ്രായപെട്ടു. സ്വേച്ഛാധിപത്യത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപതി ഇന്ദിര ഗാന്ധി ആണെന്നും നരേന്ദ്ര മോദി ഇന്ദിര ഗാന്ധിയിൽ നിന്ന് ഒരുപാട് രാഷ്ട്രീയകാര്യങ്ങൾ മാതൃകയാക്കിയിട്ടുണ്ട് എന്നും സഗരിക ഘോഷ് കൂട്ടിച്ചേർത്തു.