കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ മൂന്നാം ദിവസം അക്ഷരം വേദിയിൽ മലയാളത്തിലെ എഴുത്തുകാർ അവരുടെ എഴുത്തു രീതികളും വ്യത്യസ്തമായ ജീവിതാനുഭവങ്ങളും പങ്ക് വെച്ചു. താൻ സമയ ക്രമങ്ങളില്ലാത്ത മനുഷ്യനാണെന്നും പ്രസാധകരും എഡിറ്റേഴ്സും നൽകുന്ന ഡെഡ് ലൈൻ എഴുത്തിന് വേഗം കൂട്ടാൻ സഹായിക്കുമെന്നും എഴുത്തുകാരൻ ജി.ആർ ഇന്ദുഗോപൻ പറഞ്ഞു. തിരക്കുപിടിച്ച ജീവിതത്തിൽ ലഭിക്കുന്ന വളരെ കുറഞ്ഞ സമയം പോലും എഴുത്തിന് വേണ്ടി താൻ ഉപയോഗിക്കാറുണ്ടെന്ന് ടി ഡി രാമകൃഷ്ണൻ. എഴുത്തിനായുള്ള പ്രമേയങ്ങൾ അപ്രതീക്ഷിതമായാണ് കടന്നുവരാറെന്നും കഥയുടെ കാലഗണന ആദ്യം തീരുമാനിക്കുമെന്നും കഥാപാത്രങ്ങളോട് വളരെ അടുപ്പം തോന്നാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുമ നിറഞ്ഞ പ്രമേയങ്ങൾ കണ്ടെത്താൻ ശ്രമിക്കാറുണ്ടെന്നും എഴുത്തിന് മുൻപ് സമഗ്രമായ രൂപം സൃഷ്ടിക്കാറുണ്ടെന്നും യു.കെ കുമാരൻ പറഞ്ഞു. എഴുത്തിന്റെ ഘട്ടങ്ങൾ തന്നെ സങ്കീർണ്ണമായി ബാധിക്കാറുണ്ടെന്നും ഭ്രാന്തമായ അനുഭവങ്ങൾ എഴുത്ത് സമ്മാനിക്കാറുണ്ടെന്നും ഖദീജാ മുംതാസ് പറഞ്ഞു . തന്റെ കഥാപാത്രങ്ങളിൽ ട്വിങ്കിൾ റോസയാണ് ഭ്രാന്തിന്റെ അംശം സൂക്ഷിക്കുന്നതെന്ന് ഇന്ദുഗോപൻ പറഞ്ഞപ്പോൾ , ഇട്ടിക്കോരയാണ് താൻ അത്തരത്തിൽ രചിച്ചതെന്ന് ടി ഡി രാമകൃഷ്ണൻ വ്യക്തമാക്കി. മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങളിലെ മോഹനനാണ് തന്റെ അത്തരത്തിലുള്ള കഥാപാത്രമെന്ന് ബെന്യാമിൻ പറഞ്ഞു. നോവലിസ്റ്റ് ബെന്യാമിൻ മോഡറേറ്റ് ചെയ്ത ചർച്ച സാഹിത്യ പ്രേമികൾക്ക് ഹൃദ്യമായ അനുഭവമായി.