നാല് പകലിരവുകള്‍ കോഴിക്കോടിനെ സജീവമാക്കിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് തിരശ്ശീലവീണു. വന്‍ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ഫെസ്റ്റിവല്‍ വേറിട്ട വിഷയങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു. ഇന്ന് വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ എ. പ്രദീപ് കുമാർ(ചെയർമാൻ കെ.എൽഫ്), രവി ഡീസീ(ചീഫ് ഫെസിലിറ്റേറ്റർ), പ്രെഫ. കെ. സച്ചിദാനന്ദൻ (ഫെസ്റ്റിവൽ ഡയറക്ടർ), പി.എ. മുഹമ്മദ് റിയാസ് (പൊതുമരാമത്ത് വകുപ്പ് മന്ത്രി), പ്രകാശ് രാജ് (സിനിമാനടൻ), ബീന ഫിലിപ്പ് (കോഴിക്കോട് മേയർ), സി. പി. മുസാഫിർ അഹമ്മദ് (ഡെപ്യൂട്ടി മേയർ), ഗസാല വഹാബ്, ശോഭാ ഡേ, ബിലാൽ ശിബിലി, ബഷീർ പെരുമണ്ണ, അഭിലാഷ് തിരുവോത്ത്, പ്രേംചന്ദ്, ഫാരിസ് കണ്ടോത്ത്, അക്ഷയ്കുമാർ, കെ. വി. ശശി (പ്രോഗാം കമ്മിറ്റി കൺവീനർ) തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. ഭരണഘടന വധഭീക്ഷണി നേരിടുന്ന ഈ കാലഘട്ടത്തിൽ കെ.എൽ.എഫ് പോലുള്ള സാഹിത്യോത്സവങ്ങൾ അവക്കെതിരെയുള്ള ചെറുത്തുനിൽപ്പാണെന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഏതൊരു സാഹിത്യോത്സവത്തിന്റെയും വിജയം അതിൽ പങ്കെടുക്കുന്നവരാണെന്ന് ഗസാല വഹാബ് അഭിപ്രായപ്പെട്ടു. 2023 -ലെ കെ.എല്‍.എഫ് അവലോകനം രവി ഡി സി നിര്‍വഹിച്ചു. 2024-ലെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ പ്രഖ്യാപനം ഫെസ്റ്റിവൽ ഡയറക്ടർ കെ. സച്ചിദാനന്ദന് നടത്തി. 2024-ലെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ജനുവരി 11 മുതല്‍ 14 വരെ കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കുന്നതാണ്.