കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വേദി ആറ് കഥയിൽ നടന്ന ചർച്ചയിൽ ഫെമിനിസം ഒരു രാഷ്ട്രീയ ആത്മീയതയെന്ന് ജെ. ദേവിക. "നിരന്തരപ്രതിപക്ഷം : മലയാളി എന്ന നിലയിലുള്ള സ്ത്രീപക്ഷ ജീവിതം" എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ. ആർ രാജശ്രീ ചർച്ചയിൽ പങ്കെടുത്തു. കേരളത്തിൽ നിലവിലെ ഫെമിനിസത്തിൽ മാറ്റം അനിവാര്യമാണെന്നും പൊതുമണ്ഡലങ്ങളിൽ സ്ത്രീകൾ ബുദ്ധിമുട്ടുന്നുണ്ടെന്നും ജെ. ദേവിക പറഞ്ഞു . കെ.സരസ്വതിയമ്മയും ലളിതാംബിക അന്തർജനവും സമൂഹത്തിൽ നടത്തിയിട്ടുള്ള രാഷ്ട്രീയവും സൗന്ദര്യാത്മകവുമായ ഇടപെടലുകൾ കണ്ടെത്തി അവതരിപ്പിക്കാനാണ് താൻ ശ്രമിച്ചതെന്നും ജെ. ദേവിക പറഞ്ഞു. പുതിയ രാഷ്ട്രീയം രൂപപ്പെടുത്താൻ സ്ത്രീകൾ ശ്രമിക്കണമെന്നും യുവ തലമുറ ഫെമിനിസ്റ്റ് പരിപ്രേഷ്യത്തിൽ നിന്നല്ലാതെ തന്നെ അധികാര വർഗത്തോട് നിരന്തരം കലഹിക്കുന്നുണ്ടെന്നും ഫെമിനിസത്തിന്റെ സാഹിത്യേതര പങ്കിനെ അഡ്രസ്സ് ചെയ്യേണ്ടതുണ്ടെന്നും എഴുത്തുകാരിയും അധ്യാപികയുമായ ആർ.രാജശ്രീ അഭിപ്രായപ്പെട്ടു. ക്ലാസ്സ് റൂമിനുള്ളിൽ തന്റെ രാഷ്ട്രീയമോ കാഴ്ചപ്പാടുകളോ കുട്ടികളുടെ മേൽ അടിച്ചമർത്താൻ ശ്രമിക്കാറില്ലെന്നും അതിനു പുറത്ത് ഒരു വ്യക്തിയെന്ന നിലയിലുള്ള ഇടപെടലുകൾക്കും അഭിപ്രായപ്രകടനങ്ങൾക്കും കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അത് തന്റെ സ്വാതന്ത്ര്യമാണെന്നും ഒരു ചോദ്യത്തിനുള്ള മറുപടിയായി അവർ പറഞ്ഞു. ജെ ദേവികയുടെ `ഉറയൂരൽ` എന്ന ജീവിതമെഴുത്ത് പുസ്തകം വികാരഭരിത സ്വരമില്ലാത്ത രചനയാണെന്നും രാജശ്രീ ചർച്ചയിൽ പറഞ്ഞു.