മഹാഭാരതം, രാമായണം തുടങ്ങിയവ എത്രത്തോളം ലളിതമായ രീതിയിലാണ് മാലി അവതരിപ്പിച്ചത് എന്ന വിഷയത്തിലൂടെയാണ് ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ `കഥ` വേദിയിൽ `മാലി, പി. നരേന്ദ്രനാഥ്: മലയാളിയുടെ മനം നിറച്ച ബാല്യകാല കഥകൾ` എന്ന വിഷയത്തിൽ ചർച്ച ആരംഭിച്ചത്. റൂബിൻ ഡിക്രൂസ്, എ. പി. എം. മുഹമ്മദ് ഹനീഷ്, മോഡറേറ്റർ രാധിക സി. നായർ തുടങ്ങിയവർ പങ്കെടുത്ത ചർച്ചയിൽ കുട്ടിക്കാലത്ത് മാലിയുടെ കൃതികൾ തന്നെ എത്രത്തോളം സ്വാധീനിച്ചുവെന്നും ക്ലാസ്സിക്കൽ കൃതികൾ വായിക്കാൻ മാലി കുട്ടികളെ എത്രത്തോളം പ്രചോദിപ്പിച്ചു എന്നും എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. നൊസ്റ്റാൾജിയയാണ് മാലിയുടെ കൃതികൾ എന്നു റൂബിൻ ഡിക്രൂസ് അഭിപ്രായപെട്ടു. മലയാളത്തിലെ ഇപ്പോഴത്തെ ബാലസാഹിത്യത്തിന്റെ വളർച്ച തൃപ്തികരമല്ലെന്നും സദാചാരം പഠിപ്പിക്കുന്ന രീതിയിലുള്ള കൃതികളാണ് ഇപ്പോഴും ബാലസാഹിത്യത്തിൽ വന്നുകൊണ്ടിരിക്കുന്നതെന്നും റൂബിൻ ഡിക്രൂസ് സൂചിപ്പിച്ചു. സ്വീഡൻ പോലുള്ള രാജ്യങ്ങളിലെ ബാലസാഹിത്യമാണ് കേരളത്തിൽ വരേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.