കവിതയ്ക്ക് വലിയ വികാസം സംഭവിച്ച കാലഘട്ടത്തിൽ ജനാധിപത്യവൽക്കരിക്കപ്പെട്ട കാലത്ത് ജീവിക്കുന്ന കവികൾ എല്ലാ കവിതകളെയും കണ്ടെത്തുകയാണ്. എവിടെയോ മറഞ്ഞു കിടക്കുന്ന കവിതകൾ സന്ദർഭങ്ങൾ അനുസരിച്ചാണ് കവിതയായി പുറത്തോട്ട് വരുന്നതെന്ന് കല്പറ്റ നാരായണൻ പറഞ്ഞു.ഒഴിവുസമയമാണ് കവികളെ സർഗ്ഗാത്മകതയിലേക്ക് കടത്തിവിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കവിത വർത്തമാനകാലത്തിന്റെ മാധ്യമമല്ല, മറിച്ച് ഭാവികാലത്തിന്റെ മാധ്യമമാണെന്ന് പറഞ്ഞു പി രാമൻ തന്റെ അനുഭവങ്ങൾ പങ്കുവെച്ചു. "താൻ പേരില്ലാത്ത, പെരുമയില്ലാത്ത, കവിതയെഴുതുന്ന ആളാവാൻ ആണ് ആഗ്രഹിക്കുന്നത്". ചെറിയ ചുറ്റുപാടുകളെ, സന്ദർഭങ്ങളെ, അനുഭവങ്ങളെ എഴുതുക എന്നതാണ് താല്പര്യം. സംഘർഷങ്ങളിൽ നിന്ന് രക്ഷ നേടാനായിരുന്നു കവിതകൾ എഴുതിയിരുന്നത് എന്ന് പറഞ്ഞാണ് കലേഷ് തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്. സ്വന്തം കവിതയെ കുറിച്ച് പറയുക എന്നതിൽ പരം വലിയ പ്രയാസകരമായ മറ്റൊരു കാര്യം ഇല്ല എന്നും കലേഷ് കൂട്ടിച്ചേർത്തു. ആത്മരക്ഷാർത്ഥം കവിത എഴുതിപ്പോയ വ്യക്തിയായിരുന്നു താനെന്നും, അതിനേക്കാൾ കൂടുതൽ പഴയ കവികളുടെ കവിതകൾ വായിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ് താൻ എന്നും രോഷ്നി സ്വപ്ന പറഞ്ഞു.