ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ അക്ഷരം വേദിയിൽ ടി.പി. രാജീവന്റെ എഴുത്തിനേയും ജീവിതത്തേയും അനുസ്മരിച്ച് കൊണ്ടു നടന്ന സെഷനിൽ കൽപ്പറ്റ നാരായണൻ, അൻവർ അലി, ഒ.പി. സുരേഷ്, മോഡറേറ്റർ ഡോ. അനു പാപ്പച്ചൻ എന്നിവർ പങ്കെടുത്തു. ടി.പി. രാജീവൻ 2022-ന്റെ കാവ്യനഷ്ടമാണെന്ന് അനു പാപ്പച്ചൻ നിരീക്ഷിച്ചു. ക്ലീഷേയല്ലാത്ത എഴുത്തുകൾ ആയിരുന്നതിനാലാണ് അദ്ദേഹത്തിന്റെ എഴുത്തുകൾക്ക് അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയതെന്ന് കല്‍പ്പറ്റ നാരായണൻ കൂട്ടിച്ചേർത്തു. അൻവർ അലി "ഹൊഗനക്കൽ”എന്ന ടി.പി.യുടെ കവിത ചൊല്ലിക്കൊണ്ട് ടി.പി.യുടെ എഴുത്തിനെക്കുറിച്ചും, ആഖ്യാനാരീതിയെക്കുറിച്ചും സംസാരിച്ചു. ഒ.പി. സുരേഷ് ടി.പിയുടെ ‘പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ` എന്ന നോവൽ അദ്ദേഹം കേട്ടിരുന്ന കഥകളിൽ നിന്നും അന്വേഷണങ്ങളിൽ നിന്നും രൂപപ്പെട്ടതാണെന്നും വ്യക്തമാക്കി.