കഥയെഴുത്ത് എന്ന പുസ്തകത്തിന്റെ ആമുഖത്തോടെയാണ് കെ. ആർ. മീര ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയിലെ സംസാരം ആരംഭിച്ചത്. മീരയും അനിയത്തി താരയും തമ്മിലുള്ള കളിയും കുസൃതിയും നിറഞ്ഞ കുട്ടിക്കാലത്തെ ഓർമകളാണ് കഥയെഴുത്ത് എന്ന പുസ്തകം. കെ. ആർ. മീരയും പി. കെ. പാറക്കടവും തമ്മിലുള്ള സംഭാഷണത്തിൽ മനുഷ്യനുള്ളിടത്തോളം കാലം വായന മരിക്കില്ല എന്നും എഴുതുന്ന സമയം താൻ എല്ലാം മറക്കും എന്നും കെ. ആർ. മീര പറഞ്ഞു. ഇന്നത്തെ ഇന്ത്യൻ അവസ്ഥയെ എങ്ങനെ കാണുന്നു എന്ന പി. കെ. പാറക്കടവിന്റെ ചോദ്യത്തിന് ഒരു രാജ്യം ഒരു പോലീസ് എന്നത് പോലെ ഒരു രാജ്യം ഒരു പുസ്തകം എന്നുവന്നാൽ അത് ഏത് പുസ്തകമാവും എന്ന് സംശയിക്കുന്നു എന്ന് കെ. ആർ. മീര പറഞ്ഞു. പത്രപ്രവർത്തനം തന്റെ എഴുത്തിനെ വലിയ രീതിയിൽ സ്വാധീനിച്ചുവെന്നും പതപ്രവർത്തനത്തിലൂടെ വലിയലോകത്തെ കാണനായി എന്നും മീര സൂചിപ്പിച്ചു. മീര എന്തിന് എഴുതുന്നു എന്ന ചോദ്യത്തിന് സ്ത്രീയായത് ഒരു പരാജയമല്ലെന്ന് ഓർമിപ്പിക്കാനാണ് എഴുതുന്നതെന്നും അവർ കൂട്ടിച്ചേർത്തു.