കേരളത്തിന്റെ തനതായ ഭക്ഷണരീതിയെകുറിച്ചുള്ള ചോദ്യത്തില്‍ നിന്നായിരുന്നു ചര്‍ച്ച ആരംഭിച്ചത്. `രുചികളുടെ ദേശ കാലങ്ങള്‍ `എന്ന വിഷയത്തിൽ നടന്ന ചര്‍ച്ചയില്‍ മൃണാൾദാസ്, എം പി ലിപിന്‍ രാജ്, ഷെഫ് ലത കെ, ഷെഫ് തോമസ് പൂക്കുന്നേല്‍, ആര് ജെ ആദര്‍ശ് എന്നിവര്‍ പങ്കെടുത്തു.
വിദേശികള്‍ വരുമ്പോള്‍ കേരളത്തിന്റെതെന്നു പറയാന്‍ ഒരു തനതായ ഭക്ഷണരീതി ഉണ്ടോ എന്ന ചോദ്യത്തിന് ജാതിരീതിയില് ഭക്ഷണം കഴിച്ച ഒരു സമൂഹമായിരുന്നു കേരളത്തിന്റേതെന്നും അന്നത്തെ കാലത്ത് സവര്‍ണ അവര്‍ണര്‍ക്ക് വ്യത്യസ്ത തരം ഭക്ഷണ രീതിയായിരുന്നുവെന്നും നാടന്‍ ഭക്ഷണം മാത്രം കഴിച്ചിരുന്ന കൃഷിക്കാരെല്ലാം തന്നെ വിദേശീയരുടെ വരവോടുകൂടി ഭക്ഷണ രീതിയിൽ മാറ്റങ്ങൾ വരുത്തിയെന്നും ഷെഫ് തോമസ് പൂക്കുന്നേല്‍ മറുപടി പറഞ്ഞു. കേരളത്തില്‍ ഭക്ഷണകൃതികള് കുറവാണെന്നും മലയാളത്തിന്റെ പാരമ്പര്യ ഭക്ഷണ രീതി ഒന്നും എവിടെയും തന്നെ എഴുതപ്പെടുന്നില്ലെന്നും എം പി ലിപിന്‍ രാജ് അഭിപ്രയപ്പെട്ടു. സദ്യ പണ്ടുള്ള കാലങ്ങളില്‍ രാജാവിന് കപ്പം കൊടുത്ത് കൊണ്ടാണ് കഴിച്ചിരുന്നതെന്നും കേരളത്തിന്റെ ഭക്ഷണ പാരമ്പര്യത്തിന് ഒരു സംസ്കാരമുണ്ട് പക്ഷെ ഇന്ന് അത് ഇല്ലാതാവുന്നുവെന്നും മറ്റു രാജ്യങ്ങളുടെ ഭക്ഷണ രീതി നമ്മള് അനുകരിക്കുന്ന പോലെ നമ്മുടെ ഭക്ഷണ രീതി മറ്റു രാജ്യങ്ങളില്‍ പ്രചരിക്കപ്പെടുന്നില്ലെന്നും ചര്‍ച്ചയില്‍ പറഞ്ഞു വെക്കുന്നു. ഫുഡ് വ്ലോഗേഴ്സിന് ഫുഡ് മാര്‍ക്കറ്റിങ്ങില്‍ പ്രാധാന്യം ഉണ്ടോ എന്ന ആര് ജെ ആദര്‍ശിന്റെ ചോദ്യത്തിന് മൃണാൾ ദാസ് നല്കിയ ഉത്തരം തീര്‍ച്ചയായും ഇല്ല എന്ന് ആണ്. മോശം മാര്‍ക്കറ്റിങ് ആരും പ്രചരിപ്പിക്കാറില്ല എന്നും ഭക്ഷണ രീതിയില്‍ വളരെ അധികം വ്യത്യസ്തത ഉണ്ടെകില്‍ പോലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളം ഇന്നും പിന്നില്‍ തന്നെ ആണ് എന്നും ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.ഭക്ഷണം ഉണ്ടാക്കല്‍ ഒരു തൊഴില്‍ മാത്രമായി കാണരുത് നമ്മള് ചെയ്യേണ്ടത് ജനങ്ങളെ ആരോഗ്യകരമായ ഭക്ഷണം കൊടുത്ത് തൃപ്തിപ്പെടുത്തുകയായിരിക്കണമെന്നും പറഞ്ഞു കൊണ്ട് ചര്‍ച്ച അവസാനിപ്പിച്ചു.