ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദി 6 കഥയിൽ “ചന്ദ്രഹാസം :സിനിമാ കഥകൾ “എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ബിപിൻ ചന്ദ്രൻ, മാഡ് മധു എന്നിവർ പങ്കെടുത്തു. വ്യക്തി ഭാഷയും പ്രാദേശിക ഭാഷയും സാഹിത്യത്തിൽ കൊണ്ട് വരുന്നതാണ് തനിക്ക് ഇഷ്ടമെന്നും പൊൻകുന്നംകാരനായത് കൊണ്ട് തന്റെ എഴുത്തിൽ അത് പ്രതിഫലിക്കുന്നുണ്ടെന്നും എഴുത്തുകാരനും തിരക്കഥാകൃത്തുമായ ബിപിൻ ചന്ദ്രൻ പറഞ്ഞു.കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ തന്റെ പുതിയ പുസ്തകം ചന്ദ്രഹാസം പരിചയപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. നർമനിർഭരമായ സംഭാഷണത്തിൽ തന്റെ വ്യക്തി ജീവിതത്തിലെയും സൗഹൃദവലയങ്ങളിലെയും സുപ്രധാന നിമിഷങ്ങൾ അദ്ദേഹം പങ്കു വെച്ചു. മനുഷ്യരും അവരുടെ സ്നേഹവുമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം സിനിമയും സാഹിത്യവും തമ്മിൽ തുലനം ചെയ്യാനാകില്ലെന്നും കൂട്ടിച്ചേർത്തു കൊണ്ട് ചർച്ച അവസാനിപ്പിച്ചു.