ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദി 2 മംഗോയില്‍ നടന്ന സെഷനില്‍ ` നമുക്ക് ഇതിലും മികച്ച പൊതു ഇടങ്ങള്‍ ആവശ്യമില്ലേ?` എന്ന ചര്‍ച്ചയില്‍ എ പ്രദീപ് കുമാര്‍, വിനോദ് സിറിയക്, ഗംഗ ദിലീപ്, ബ്രിജേഷ് ശൈജല്‍ എന്നിവര്‍ പങ്കെടുത്തു. പൊതു ഇടങ്ങളുടെ വാസ്തുശില്പത്തെ കുറിച്ചും അതിനെ എങ്ങനെ നല്ല രീതിയില്‍ കൊണ്ട് പോകാമെന്നുമുള്ള വിഷയത്തിലാണ് ചര്‍ച്ച ആരംഭിച്ചത്. ചര്‍ച്ചയുടെ ആരംഭത്തില്‍ ആര്‍ക്കിടെക്റ്റ് ഗംഗ ദിലീപ് ഇന്നത്തെ റോഡ് വികസനത്തില്‍ ആവാസ വ്യവസ്ഥ നഷ്ടപ്പെടുന്നു എന്ന് അഭിപ്രായപ്പെട്ടു. റോഡ് വികസനങ്ങള്‍ പുരോഗമിച്ച് കൊണ്ടിരിക്കുമ്പോള്‍ ചരിത്ര പ്രാധന്യമുള്ള കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റുന്നതില്‍ അര്‍ത്ഥമുണ്ടോ എന്ന് ആര്‍ക്കിടെക്റ്റ് വിനോദ് സിറിയക്ക് ചര്‍ച്ചയില്‍ ചോദിച്ചു. മുന്‍ എം എല്‍ എ പ്രദീക് കുമാര്‍ സര്‍ക്കാറിന്റെ പുതിയ പദ്ധതിയായ ഡിസൈന്‍ പോളിസി വാസ്തു ശില്പികള്ക്ക് വളരെ ഉപകാരപ്രധമാണ് എന്ന് സൂചിപ്പിച്ചു. പൊതു ഇടങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ല എന്ന് മുന്‍ എം എല്‍ എ പ്രദീപ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. പൊതു ഇടങ്ങള്‍ എന്റെ ഇടമല്ല, മറ്റുള്ളവരുടേതാണ് എന്ന പൊതു ചിന്ത മാറ്റേണ്ടതുണ്ട് എന്നും പറഞ്ഞ് കൊണ്ട് ചര്‍ച്ച അവസാനിച്ചു.