ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ രണ്ടാം വേദിയിൽ പ്രശസ്ത സിനിമ നടനായ മുകേഷും ക്ലബ് എഫ് എം 94.3 ആര് ജെ പ്രിയയും സംവദിച്ചു. എന്റെ ജീവിതത്തില്‍ നടന്ന കഥകള്‍ തന്നെയാണ് `മുകേഷ് കഥകള്‍` എന്നതിലൂടെ പുറത്തുവന്നത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു മുകേഷ് സംസാരിച്ചു തുടങ്ങിയത്.
മുകേഷ് എഴുതിയ കഥയുടെ ക്ലൈമാക്സ് പ്രേക്ഷകര്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ മാറ്റുമോ എന്ന് ആര് ജെ യുടെ ചോദ്യത്തിന് മാറ്റം വരുത്തും എന്നായിരുന്നു മുകേഷിന്റെ മറുപടി. കൊല്ലത്ത് ജനിച്ചത് കൊണ്ട് ഒരുപാട് ഗുണങ്ങള്‍ തനിക്ക് ഉണ്ടായിട്ടുണ്ടെന്നും അവിടുത്തെ ജനങ്ങള്‍ എല്ലാ തമാശകളും ആസ്വദിക്കുന്നവരാണെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.
സ്വന്തം ജീവിതത്തില്‍ നിന്നും പഠിച്ച പാഠം എന്തായിരുന്നു എന്ന ആർജെയുടെ ചോദ്യത്തിന് തമാശ കൊണ്ട് ഒരാളുടെ മനസ് കവര്‍ന്നെടുക്കാം എന്നതായിരുന്നു മുകേഷിന്റെ മറുപടി. കലയെ രാഷ്ട്രീയത്തോട് കൂട്ടിച്ചേര്‍ക്കരുത് എന്നും കലയെ കലയായി മാറ്റിനിര്‍ത്തിക്കൊണ്ട് പ്രോത്സാഹിപ്പിക്കണമെന്നും മുകേഷ് വ്യക്തമാക്കി.
ദില്‍ന ജാസ്മിന്