ഓര്‍മ്മകളെ കൃത്യമായി വ്യത്യസ്തമായി പറഞ്ഞു വച്ച മൂന്നുപേരുമായുള്ള സംവാദമായിരുന്നു ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയായ `വാക്കി `ല്‍ നടന്നത്. തീക്ഷ്ണമായ സ്ത്രീ അനുഭവങ്ങളുടെ ആവിഷ്ക്കാരങ്ങളായിരുന്നു എച്ച്മുക്കുട്ടിയുടെ രചനകള്‍ . സ്ത്രീ അനുഭവങ്ങള്‍ രചിക്കപ്പെടുമ്പോള്‍ അവ ഭാവനാത്മകങ്ങളാണെന്ന് വിലയിരുത്തുന്ന പൊതുസമൂഹത്തിന്റെ സ്വഭാവത്തെക്കുറിച്ച് ബിപിന്‍ ചന്ദ്രന് ആരാഞ്ഞപ്പോള്‍ താന്‍ എങ്ങനെയാണതിനെ നേരിട്ടതെന്നും എതിര്‍ത്തതെന്നും എച്ച്മുക്കുട്ടി വ്യക്തമാക്കി.
സാധാരണക്കാരായ വായനക്കാരാണ് തന്റെ കൃതികള്‍ ഏറ്റെടുത്തതെന്നും എച്ച്മുക്കുട്ടി കൂട്ടിച്ചേര്‍ത്തു. എ.അയ്യപ്പനും ഡി.വിനയചന്ദ്രനുമടക്കം തന്നോട് അതിക്രമങ്ങള്‍ കാട്ടിയവര്‍ മരിച്ചു പോയെന്ന പേരില്‍ അവരോട് ക്ഷമിക്കാനാവില്ലെന്ന തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും എച്ച്മുക്കുട്ടി വ്യക്തമാക്കി.
തന്റെ ജീവിതത്തിലൂടെ കടന്നുപോയവരെ വേദനിപ്പിക്കാതിരിക്കാനും തന്റെ ഭാവന കൂടി അതോടൊപ്പം ചേര്‍ക്കാനുമായിരുന്നു അനുഭവങ്ങള്‍ നോവലായി ആവിഷ്ക്കരിച്ചതെന്ന് എഴുത്തുകാരിയായ ഷെമിപറഞ്ഞു.
ഇവരില്‍ നിന്ന് വ്യത്യസ്തമായി സ്വന്തം അനുഭവങ്ങള്‍ക്കപ്പുറം ഭര്‍ത്താവായ പത്മരാജനെപ്പറ്റിയായിരുന്നു രാധാലക്ഷ്മിയുടെ പുസ്തകങ്ങളേറെയും. പത്മരാജന്റെ തിരക്കഥകളും കഥകളും എപ്രകാരമാണ് തന്നിലൂടെ കടന്നുപോയതെന്ന് അവര്‍ പറഞ്ഞുവച്ചു.
സംവാദത്തിനു ശേഷം ഷെമിയുടെ ഏറ്റവും പുതിയ പുസ്തകമായ `കള്ളപ്പാട്ടയുടെ ` പ്രകാശനം രാധാലക്ഷ്മി പത്മരാജന് നിര്‍വ്വഹിച്ചു.
മലയാളം റിപ്പോട്ടര്‍: ദേവിക ശ്രീജിത്ത്