ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദി രണ്ട് മാംഗോയില്‍ നടന്ന സെഷനില്‍ `കാമറൂണി` എന്ന ചർച്ചയിൽ അനില്‍ ദേവസ്സിയുടെ ചെറുകഥകളെക്കുറിച്ച് ചർച്ച ചെയ്തു. അനില്‍ ദേവസ്സിയോടൊപ്പം ചര്‍ച്ചയില്‍ സുധ തെക്കേമഠം പങ്കെടുത്തു. തന്റെ `കളമെഴുത്ത്` എന്നുള്ള ചെറുകഥയിലെ ഓരോ കളങ്ങളും ഓരോ ജീവിതമാണെന്ന് അനില്‍ ദേവസ്സി അഭിപ്രായപ്പെട്ടു. ഒന്നും മറച്ചുവെക്കാതെ തുറന്നടിച്ചാണ് എഴുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. `കാമറൂണി `എന്ന പേര് ചെറുകഥയ്ക്കിടാനുള്ള കാരണമെന്താണെന്ന സുധ തെക്കേമഠത്തിന്റെ ചോദ്യത്തിന് കാമറൂണിയിലെ തന്റെ സുഹൃത്ത് മാത്യു വെര്ണോയുടെ ഓര്‍മ്മയ്ക്കായാണ് താന്‍ ആ പേരിട്ടതെന്നും ഭാവനയിലാണിതെഴുതിയതെന്നും എഴുത്തുകാരന് മറുപടി പറഞ്ഞു. കൂടാതെ തന്റെ കൃതിയായ കാസപിലാസയെ കുറിച്ചും പ്രവാസജീവിതാനുഭവത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.