ഭാവനകളുടെ ഏറ്റുമുട്ടല്‍ :കുറ്റന്വേഷണ നോവല്‍, ഇന്ന്`എന്ന വിഷയത്തില്‍ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദി 4 അക്ഷരത്തില്‍ നടന്ന ചര്‍ച്ചയില്‍ ശ്രീപാര്‍വതി, മായാകിരണ്‍, ഡോ. രജത്. ആര്, ശിവന് എടമന, പ്രവീണ്‍ ചന്ദ്രന് എന്നിവര്‍ പങ്കെടുത്തു. കുറ്റാന്വേഷണ നോവലുകള്‍ക്ക് വിദേശത്തു ആവശ്യത്തിന് പ്രാധാന്യം ലഭിക്കുമ്പോള്‍ മലയാളത്തില്‍ മുഖ്യധാരയിലേക്ക് എത്താന്‍ പ്രയാസമാകുന്നു. മലയാള സാഹിത്യത്തില്‍ കുറ്റന്വേഷണ കൃതികളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് ലിറ്ററെറി ഫിക്ഷന്‍, ക്രൈം ഫിക്ഷന്‍ തുടങ്ങി ഓരോ സാഹിത്യത്തിനും അതിന്റേതായ നിലനില്പ് ഉണ്ടെന്നും ഒന്നിനെ ഒന്നിനോട് തുലനപ്പെടുത്തേണ്ടതില്ലെന്നും ശ്രീപാര്‍വതി പറഞ്ഞു. വിദേശത്തു ക്രൈം ത്രില്ലര്‍ രചനയില്‍ പ്രത്യേക പരിശീലനം കൊടുക്കുമ്പോള്‍ മലയാളത്തില്‍ പൊതുവെ ആളുകള്‍ക്ക് ഇതിനോട് താല്പര്യം കുറവാണെന്നും അത് മാറ്റി സ്നേഹത്തോടെ സമീപിക്കണമെന്നും ശിവന് എടമന ചര്‍ച്ചയില്‍ പറഞ്ഞു. മലയാളി വായനക്കാരുടെ ക്രൈം ത്രില്ലറുകളോടുള്ള വിയോജിപ്പ് വെറും പുറംമോടിയാണെന്നും, ഇത്തരത്തില്‍ വിയോജിപ്പ് അറിയിക്കുന്ന മിക്കവരും രഹസ്യമായി കുറ്റന്വേഷണ കൃതികള്‍ ആസ്വദിക്കുന്നവരാണെന്നും മായാ കിരണ്‍ പറഞ്ഞു. ക്രൈം ത്രില്ലർ കൃതികള്‍ വായനക്കാരില്‍ കുറ്റം ചെയ്യാനുള്ള മനോഭാവം ഉണ്ടാക്കില്ലേ എന്ന മോഡറേറ്ററുടെ ചോദ്യത്തിന് അത് ഒരു പുസ്തകമാണ് കഥയാണ് എന്ന് മനസ്സിലാക്കാനുള്ള ബോധ്യം മനുഷ്യന് ഉണ്ടാകണമെന്നു ഡോ. രജത്. ആര് പറഞ്ഞു. മികച്ച വായനക്കാരും എഴുത്തുകാരും നിറഞ്ഞ വേദിയില്‍ നിന്ന് മലയാളത്തില്‍ കുറ്റന്വേഷണ കൃതികളെ കൊണ്ട് വഴിനടക്കാന്‍ പറ്റുന്നില്ലാത്ത ഈ സാഹചര്യത്തില്‍ കുറ്റന്വേഷണ കൃതികള്‍ക്ക് ആശയ ദാരിദ്ര്യം സംഭവിച്ചോ എന്ന ചോദ്യത്തിന് അനിയന്ത്രിതമായ ഏകാധിപത്യം കൊണ്ട് രാഷ്ട്രങ്ങള്‍ നശിച്ചുപോയി എന്ന് കേട്ടത് പോലെ കുറ്റാന്വേഷണ കൃതികള്‍കൊണ്ട് രാഷ്ട്രം നശിച്ചതായി താങ്കള്‍ കേട്ടിട്ടുണ്ടോ എന്ന് തിരിച്ചു ചോദിച്ചു കൊണ്ട് ചര്‍ച്ച അവസാനിപ്പിച്ചു.