ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദി `തൂലിക`യിൽ ഇന്ത്യൻ സാഹിത്യത്തെയും കുട്ടികളിലെ വായനയെയും പുസ്തക വിപണിയേയും കുറിച്ചുള്ള ചർച്ചയിൽ അമർച്ചിത്ര കഥയുടെ സി. ഇ.ഒ. പ്രീതി വ്യാസും എഴുത്തുക്കാരൻ ആനന്ദ് നീലകണ്ഠനും സംസാരിച്ചു. വേറെ പലതിനും വേണ്ടി നമ്മൾ പണം ചെലവാക്കുമ്പോഴും പുസ്തങ്ങൾക്കായി പണം മാറ്റി വെക്കാനായി മടിക്കുന്നുവെന്നും മറ്റു മേഖലകളിൽ ഒരുപാട് അവാർഡുകൾ കൊടുക്കുമ്പോൾ ബാലസാഹിത്യത്തിന് ഒന്ന് മാത്രമേ കൊടുക്കുന്നുള്ളൂ എന്നും പ്രീതി വ്യാസ് ചൂണ്ടിക്കാട്ടി. നമ്മൾ നമ്മുടെ സംസ്കാരത്തെ പറ്റി പറയണമെന്നും അത് കുട്ടികളിലും എത്തിക്കണമെന്നും ആനന്ദ് നീലകണ്ഠൻ പറഞ്ഞു. കുട്ടികളിൽ വായനാശീലം വർധിപ്പിക്കണമെന്നും അവർ വായിക്കേണ്ട പുസ്തകങ്ങൾ അവർ തന്നെ തിരഞ്ഞെടുക്കട്ടെ എന്നും ആനന്ദ് നീലകണ്ഠൻ ചർച്ചയിൽ പറഞ്ഞു. യു.എസി.ലെയും ഇന്ത്യയിലെയും ഏഴുവയസ്സുള്ള കുട്ടികളുടെ വായനാരീതി എടുത്താൽ വ്യത്യാസങ്ങളുണ്ടെന്നും വളർന്നു വരുന്ന കുട്ടികളിൽ വായന അനിവാര്യമാണെന്നും ചർച്ചയിൽ പറഞ്ഞു.