ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയിൽ ‘എന്റെ കഥ എന്റെ പെണ്ണുങ്ങളുടെയും’ എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ചയിൽ ആണധികാര ബോധത്തോടുള്ള നിരന്തരമായ കലഹമാണ് താൻ എഴുത്തുകളിലൂടെ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് നോവലിസ്റ്റ് ഇന്ദു മേനോൻ. സ്ത്രീ എന്നത് ശരീരം മാത്രമാണെന്ന പൊതുബോധത്തിന് യാതൊരു മാറ്റവുമില്ലെന്നും വിവാഹത്തിലും മറ്റിതര ബന്ധങ്ങളിലും ലൈംഗികതയിലും സ്ത്രീ അനുഭവിക്കുന്ന സംഘർഷങ്ങളും പ്രതിസന്ധികളും ഇന്നും തുടരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. എഴുത്തിലും എടുപ്പിലും ഭാവത്തിലും താൻ മാധവിക്കുട്ടിയുടെ പിന്തുടർച്ചക്കാരിയാണെന്ന വാദം തികച്ചും വസ്തുതാവിരുദ്ധമാണെന്നും എഴുത്തിൽ ആനന്ദും സക്കറിയയുമാണ് തന്റെ മോഡലുകളെന്നും ഇന്ദു മേനോൻ. ‘എന്റെ കഥ എന്റെ പെണ്ണുങ്ങളുടെയും ‘എന്ന ഇന്ദു മേനോന്റെ ആത്മകഥയിൽ ഭാവനയുടെ അതിപ്രസരമുണ്ടെന്ന മോഡറേറ്റർ സോമൻ കടലൂരിന്റെ ചോദ്യത്തിന് ചെറുപ്പം മുതൽ ഉള്ളിൽ പതിഞ്ഞ കഥാപാത്രങ്ങളും സംഭവങ്ങളും ഭാവനയുടെ ഉൾക്കിടിലമില്ലാതെയാണ് താൻ ചേർത്തിരിക്കുന്നതെന്നും ഇന്ദു മേനോൻ മറുപടി നൽകി .