ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയിൽ "ലോഡ്സ് ഓഫ് ദ ഡെക്കാൻ" എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് അനിരുദ്ധ് കനിസെട്ടി വില്യം ഡാൽറിമ്പിളുമായി സംവദിച്ചു. മധ്യകാല ഇന്ത്യയുടെ ചരിത്രത്തേയും അതിൽ സംസ്കൃത ഭാഷയുടെ പ്രാധാന്യത്തേയും കുറിച്ച് അദ്ദേഹം ചർച്ച ചെയ്തു. പുരുഷ മേധാവിത്വം സമൂഹത്തിൽ പണ്ട് തൊട്ടേ വ്യാപകമാണെന്നും സ്വത്തും അധികാരവും അച്ഛനിൽ നിന്ന് മകനിലേക്ക് കൈമാറുന്നതാണെന്നും അനിരുദ്ധ് അഭിപ്രായപ്പെട്ടു. തമിഴ്നാടിന്റെ ഏറ്റവും വലിയ പ്രത്യേകത അവിടുത്തെ അമ്പലങ്ങളിലെ സ്വത്താണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . ഈ സാങ്കേതിക ലോകത്ത് ചരിത്രം എന്ത് പ്രാധാന്യമാണ് അർഹിക്കുന്നത് എന്ന ചോദ്യത്തിന് ചരിത്രം മറ്റുള്ള വിഷയങ്ങളെ പോലെ പ്രാധാനപ്പെട്ടതാണെന്നും, ചരിത്രം പഠിക്കാതെ സമൂഹത്തിന് മുന്നോട്ട് പോകാനില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു .