ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയിൽ `സെക്സ് വർക്ക് : തൊഴിലവകാശപ്പോരാട്ടങ്ങളുടെ ഇന്നലെകൾ` എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ നളിനി ജമീല, എ.കെ ജയശ്രീ, പി എം ആതിര (മോഡറേറ്റർ) എന്നിവർ പങ്കെടുത്തു. ലൈംഗികതൊഴിലാളികൾ ഇന്നും നേരിടുന്ന പ്രശ്നങ്ങൾ സങ്കീർണ്ണമാണെന്നും അവ വേണ്ട വിധം അടയാളപ്പെടുത്തപ്പെട്ടിട്ടില്ലെന്നും പറഞ്ഞു കൊണ്ട് ലൈംഗിക തൊഴിലാളിയും ആക്ടിവിസ്റ്റുമായ നളിനി ജമീല ചർച്ചക്ക് തുടക്കമിട്ടു. ഇന്നും ചൂഷണങ്ങൾ നടക്കുന്ന ഇടമെന്ന നിലയിൽ ലൈംഗിക തൊഴിലാളികളുടെ അവകാശസമരങ്ങൾക്ക് വളരെ അധികം ചരിത്ര പ്രാധാന്യമുണ്ടെന്നും, 1997 ൽ ആരംഭിച്ച അവകാശപ്പോരാട്ടങ്ങൾ ചെറുതെങ്കിലും ഒരുപാട് ചലനങ്ങൾ സൃഷ്ടിച്ചുവെന്നും സാമൂഹികപ്രവർത്തക കൂടിയായ എ.കെ ജയശ്രീ അഭിപ്രായപ്പെട്ടു. ലൈംഗിക തൊഴിലാളികളോടുള്ള പോലീസ് അടക്കമുള്ള അധികാരവർഗത്തിന്റെയും സമൂഹത്തിന്റെയും മനോഭാവത്തിൽ മാറ്റങ്ങൾ സംഭവിക്കേണ്ടതുണ്ടെന്നും വൈവാഹിക ജീവിതത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ടെന്നും അഡ്വ. പി എം ആതിര അഭിപ്രായപ്പെട്ടു. ലൈംഗികവൃത്തി തൊഴിലായി അംഗീകരിച്ചുവെങ്കിലും ഹൈക്കോടതി വിധിയിലുള്ള അപര്യാപ്തതയും സ്ത്രീയുടെ ലൈംഗികാഭിരുചികളും താൽപര്യങ്ങളും ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും നളിനി ജമീല കൂട്ടിച്ചേർത്തു. ലൈംഗിക തൊഴിലാളികളെ മനുഷ്യരായി അംഗീകരിക്കാനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും എ കെ ജയശ്രീ പറഞ്ഞു.