ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദി നാല് അക്ഷരത്തിൽ ഒന്നാം സെഷനിൽ `പ്രണയാഖ്യാനങ്ങൾ, പ്രേമവും മലയാള നോവലും` എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ജേക്കബ് ഏബ്രഹാം, സുധ തെക്കേമഠം, റിഹാൻ റാഷിദ്, ആൽവിൻ ജോർജ്, ബിനീഷ് പുതുപ്പണം എന്നിവർ പങ്കെടുത്തു. മലയാള നോവൽ സാഹിത്യം ആരംഭിക്കുന്നിടത്തു നിന്ന് തന്നെ മലയാള നോവലുകളുടെ പ്രണയാഖ്യാനങ്ങൾ തുടങ്ങുന്നു എന്ന നിരീക്ഷണത്തോടെയാണ് മോഡറേറ്റർ ബിനീഷ് പുതുപ്പണം സെഷൻ ആരംഭിച്ചത്. ആദമിന് ഒരു പെൺ തുണ അനിവാര്യമായി വന്നപ്പോഴാണ് ദൈവം മണ്ണിൽ നിന്ന് ഹവ്വയെ സൃഷ്ടിച്ചതെന്നും, ആൺ-പെൺ പ്രണയത്തിന്റെ തുടക്കം മനുഷ്യന്റെ അനാദികാലം മുതൽ തന്നെ ആരംഭിക്കുന്നുവെന്നും ജേക്കബ് എബ്രഹാം പറഞ്ഞു. 1974ലെ വി. ടി നന്ദകുമാറിന്റെ `രണ്ടു പെൺകുട്ടികൾ` എന്ന നോവലിൽ `എന്താണ് പ്രണയം എന്നതിൽ നിന്ന് തുടങ്ങി സ്വവർഗാനുരാഗികളായ ഗിരിജയുടെയും കോകിലയുടെയും പ്രണയത്തെ അതിൽ അതിഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു എന്ന് ജേക്കബ് എബ്രഹാം പറഞ്ഞു . മലയാള നോവലുകളിലെ പ്രണയം ഏക മുഖാഖ്യാനങ്ങൾ ആയിരുന്നില്ല എന്നും എംടിയുടെ `മഞ്ഞിലെ` വിമലയുടെ കാത്തിരിപ്പിന്റെ പ്രണയത്തിൽ നിന്ന്, പെരുമ്പടവത്തിന്റെ `ഒരു സങ്കീർത്തനത്തിലെ` പ്രണയത്തിൽ എത്തുമ്പോൾ അതൊരു ആധി പിടിച്ച പ്രണയത്തിന്റെ ആഖ്യാനമായി മാറുന്നുവെന്നും അവിടെ നിന്ന് കെ.ആർ.മീരയുടെ ഘാതകനിൽ എത്തുമ്പോൾ കണ്ണടച്ച് പ്രണയത്തിൽ വീഴുകയല്ല വേണ്ടതെന്നും മറിച്ച് ജാഗ്രതയോടുള്ള സമീപനമാണ് അതിനോട് വേണ്ടതെന്നും സുധ തെക്കേമടം പറഞ്ഞു.. പ്രണയിക്കുക എന്നതുപോലും യുദ്ധമായി മാറുന്ന കാലഘട്ടത്തിൽ പ്രണയം സ്വകാര്യതയിലേക്കുള്ള എത്തിനോട്ടമായി മാറുന്നുവെന്നും, മനുഷ്യൻ മനുഷ്യനെ തന്നെ പ്രണയിക്കട്ടെ എന്നും , പ്രണയത്തിലെ വേർതിരിവുകൾ ഇല്ലാത്ത ആകട്ടെ എന്നും റിഹാൻ റാഷിദ് കൂട്ടിച്ചേർത്തു. ഇതോടുചേർന്ന് പ്രണയം എന്നത് പ്രണയം മാത്രമാണ് എന്നും മതങ്ങൾ നിർമ്മിച്ചുവെച്ച അനാവശ്യ അതിർവരമ്പുകൾ പാപബോധങ്ങൾ ആണെന്നും, സദാചാരം വിച്ഛേദിച്ചുകൊണ്ട് പ്രണയം തുടരുക തന്നെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആൽവിൻ ജോർജ് ചർച്ചയിൽ പറഞ്ഞു. സമകാലിക സമൂഹത്തിലെ അഞ്ജലിയുടെ പ്രണയത്തെ കൂടെ രേഖപ്പെടുത്തി കൊണ്ടാണ് സെഷൻ അവസാനിപ്പിച്ചത്.